ബെയ്ജിങ് : ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) ചില നേതാക്കന്‍മാരാണെന്ന് ചൈന.
തങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ദലൈലാമയ്ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് വഴി പാര്‍ട്ടി പരസ്യമായി സമ്മതിച്ചു.
ടിബറ്റിനെ ചൈനയില്‍നിന്നു വേര്‍പ്പെടുത്താനുള്ള നീക്കമാണ് ദലൈലാമ നടത്തുന്നതെന്നാണ് ചൈനയുടെ പക്ഷം. ഇതിനാല്‍ ദലൈലാമയെ വിഘടനവാദിയായാണ് ചൈന കരുതുന്നതും. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ത്തന്നെ ദലൈലാമയ്ക്ക് ധനസഹായം നല്‍കിയെന്ന റിപ്പോര്‍ട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നത്.
ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളും രാജ്യത്തിന്റെ വിഘടനവാദവിരുദ്ധ പോരാട്ടവും അവഗണിച്ചതായി ടിബറ്റന്‍ മേഖലയിലെ കാര്യങ്ങള്‍ നോക്കുന്ന സംഘടനയുടെ അധ്യക്ഷന്‍ വാങ് യോങ്ജുന്‍ പറഞ്ഞു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് സംഘടന 2016ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി അംഗങ്ങളായ 15 പേര്‍ 2014ല്‍ ദലൈലാമയുടെ സംഘത്തിനു വിവരങ്ങളും ധനസഹായവും നല്‍കിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, ആരൊക്കെയാണ് ദലൈലാമയെ സഹായിച്ചതെന്ന പേരുകള്‍ പുറത്തുവിട്ടിട്ടില്ല.