ചൈനീസ് കമ്പനികള്‍ പിടിമുറുക്കുന്നു; ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ച

smatphones

ന്യൂഡല്‍ഹി: ഈ വര്‍ഷം, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 366.2 മില്യണ്‍ യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്.

മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 6.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

87.7 ശതമാനം വിപണി വിഹിതം നേടി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളെ പുറകിലാക്കിയതായാണ് ഗാര്‍ട്ണറിന്റെ കണ്ടെത്തല്‍.

യൂട്ടിലിറ്റി സ്മാര്‍ട്ട്‌ഫോണുകളുടെ ആവശ്യക്ത ശക്തമായി തുടരുന്നതായും മികച്ച സ്റ്റോറേജ് ശേഷി, പ്രൊസസര്‍, ക്യാമറ നിലവാരം എന്നിവ പ്രദാനം ചെയ്യുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വികസ്വര വിപണികളില്‍ ആവശ്യക്കാരേറുന്നുണ്ടെന്നും ഗാര്‍ട്ണര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ അന്‍ഷുല്‍ ഗുപ്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം വര്‍ധിച്ചുവരികയാണ്. ഇത് വികസ്വര ഏഷ്യാപസഫിക് മേഖലയിലെ വാര്‍ഷിക സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഗാര്‍ട്ണര്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വിഭാഗം സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാംസങിന്റെ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.

ഗാലക്‌സി നോട്ട് 7 ബാറ്ററി തീപിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞിരുന്നു. എന്നാല്‍, ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവ അവതരിപ്പിച്ചതോടെ ആവശ്യകത തിരിച്ചുപിടിക്കാന്‍ സാംസങിന് കഴിഞ്ഞു.

ഹ്യൂവായ്, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും നടപ്പു വര്‍ഷം സാംസങിനു വളര്‍ച്ച അടയാളപ്പെടുത്താനാകുമെന്നാണ് ഗാര്‍ട്ണര്‍ പ്രതീക്ഷിക്കുന്നതെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.

2017ന്റെ രണ്ടാം പാദത്തില്‍ വിവോ, ഒപ്പോ എന്നീ ചൈനീസ് ബ്രാന്‍ഡുകള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും, ഇവയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ യഥാക്രമം 70.8 ശതമാനം, 44.1 ശതമാനം എന്നിങ്ങനെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Top