യുഎസിലും ടിക് ടോക്കിന് അടിതെറ്റുന്നു. ഇന്ത്യയെ മാതൃകയാക്കി ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് യുഎസില്‍ സമ്പൂര്‍ണ നിരോധനത്തിനുള്ള വഴി ഒരുങ്ങുകയാണ്. യുഎസ് ജനപ്രതിനിധികള്‍ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ നിയമം പാസായാല്‍ ടിക് ടോക്ക് യുഎസില്‍ നിരോധിക്കപ്പെടുകയോ അല്ലെങ്കില്‍ ടിക് ടോക്ക് തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാന്‍ നിര്‍ബന്ധിതരാവുകയൊ ചെയ്തേക്കും. ടിക് ടോക്ക് ആപ്പിന്റെ ഉടമസ്ഥര്‍ ചൈനീസ് കമ്പനിയായത് ഒരു രാജ്യ സുരക്ഷാ പ്രശ്‌നമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎസിലെ ഒരു വിഭാഗം ജനപ്രതിനിധികള്‍ ടിക് ടോക്കിന്റെ നിരോധനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം ആപ്പ് നിരോധിക്കാനുള്ള സെനറ്റ് നീക്കം കോണ്‍ഗ്രസ് തള്ളിയിരുന്നു. 2022 ലാണ് ടിക് ടോക്ക് ഉള്‍പ്പടെ 58 ചൈനീസ് ആപ്പുകള്‍ ഇന്ത്യന്‍ ഭരണകൂടം നിരോധിച്ചത്. ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ ബില്ലിന് ഇരു കക്ഷികളില്‍ നിന്നുള്ള പിന്തുണയുണ്ട്. ഇത് ടിക് ടോക്കിന്റെ നില പരുങ്ങലിലാക്കുന്നു. വ്യാഴാഴ്ച ബില്‍ ആദ്യ വോട്ടിങ്ങിനിടുമെന്നാണ് വിവരം.
ബില്‍ പാസായാതിന് ശേഷം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തിയില്ലെങ്കില്‍, ടിക് ടോക്ക് വിതരണം ചെയ്യുന്ന ആപ്പ് സ്റ്റോറുകള്‍ക്കും വെബ് ഹോസ്റ്റിങ് സേവനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാവും. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 5000 ഡോളര്‍ നിരക്കില്‍ പിഴ ഈടാക്കുമെന്നാണ് വിവരം.
‘എനിക്ക് ടിക് ടോക്കിന് നല്‍കാനുള്ള സന്ദേശം ഇതാണ്, ഒന്നുകില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വേര്‍പെടുത്തുക. അല്ലെങ്കില്‍ അമേരിക്കന്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുക. അമേരിക്കയുടെ മുന്‍നിര എതിരാളികള്‍ യുഎസിലെ ഒരു പ്രബല മാധ്യമ പ്ലാറ്റ്ഫോം നിയന്ത്രിക്കേണ്ട കാര്യമില്ല’, റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മൈക്ക് ഗാലഗര്‍ പറഞ്ഞു. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളകാലത്തോളം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ടിക് ടോക്ക് നിര്‍ബന്ധിതമാവും. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡെമോക്രാറ്റ് നേതാവായ രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
എന്നാല്‍ 17 കോടി അമേരിക്കന്‍ ജനതയുടെയും തങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളുടേയും അവകാശ ലംഘനമാണെന്ന് ഈ നീക്കമെന്ന് ടിക് ടോക്ക് പറയുന്നു.