ന്യൂഡല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഗാല്‍വന്‍ താഴ്വരയില്‍ ചൈന പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനീസ് മാധ്യമങ്ങളാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗാല്‍വന്‍ താഴ്‌വരയില്‍ പാതക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചൈനയിലെ സര്‍ക്കാര്‍ അധീനതയിലുള്ള പല മാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്.
ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 2022 ജനുവരി ഒന്നിന് ചൈന പതാക പറത്തിയിരിക്കുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നാണ് ചൈനീസ് ജനതക്ക് പുതുവല്‍സരാശംകള്‍ നേരുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പ്രശംസിക്കുന്നത്.
2022 ജനുവരി ഒന്നിന് പുതുവര്‍ഷ ദിവസം ചൈനയുടെ ദേശീയ പതാക ഗാല്‍വാന്‍ താഴ്വരയില്‍ ഉയര്‍ത്തിയിരിക്കുന്നു. ഇവിടെ ഉയര്‍ത്തപ്പെട്ട ദേശീയ പതാക പ്രത്യേകതയുള്ളതാണെന്നും ഈ പതാക മുന്‍പ് ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഉയര്‍ത്തിയിരുന്നുവെന്നുമാണ് മറ്റൊരു പ്രമുഖ ചൈനീസ് മാധ്യമം ഷന്‍ഷിവൈയ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസയം, ചൈനീസ് സൈനികര്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ചൈനീസ് കടന്നുക്കയറ്റം സംബന്ധിച്ച് നിശബ്ദത വെടിഞ്ഞ് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ‘ഗാല്‍വാനില്‍ നമ്മുടെ ത്രിവര്‍ണ്ണ പതാക കാണുന്നത് നന്നായിരിക്കും. ‘നിശ്ശബ്ദത ഭംഗിക്കൂ മോദിജീ. ചൈനയ്ക്ക് മറുപടി നല്‍കൂ’ എന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുന്‍പുമാത്രമാണ് 1971 ലെ യുദ്ധ വിജയത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. രാജ്യത്തിന്റെ സുരക്ഷക്കും വിജയത്തിനും ആവശ്യം ശക്തമായ തീരുമാനങ്ങളാണെന്നും പൊള്ളയായ വാക്കുകള്‍കൊണ്ടുമാത്രം വിജയിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.