ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ കൊറോണാവൈറസ് ബാധിച്ച ചൈനയിലെ വുഹാനില്‍ നിന്നും തിരികെ എത്തിക്കാന്‍ മത്സരിക്കുകയാണ്. ഇതിനിടെയാണ് വിദേശത്തുള്ള വുഹാനിലെ താമസക്കാരെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ചൈന തിരികെ എത്തിച്ച് ഞെട്ടിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങളിലാണ് പ്രഭവകേന്ദ്രമായ ഹുബെയിലേക്ക് പ്രദേശവാസികളെ ചൈന സ്വാഗതം ചെയ്തത്.
വിമാനത്താവളത്തില്‍ സുരക്ഷാ സ്യൂട്ട് അണിഞ്ഞ അധികൃതരാണ് വിദേശയാത്ര കഴിഞ്ഞ് മടങ്ങിയ പൗരന്‍മാരെ സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുള്ള സിയാമെന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനമാണ് വുഹാനില്‍ വന്നിറങ്ങിയത്. ഇവിടുത്തെ വന്യമൃഗങ്ങളും മാംസം വില്‍ക്കുന്ന വിപണിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്.
വുഹാനില്‍ വന്നിറങ്ങിയ 73 യാത്രക്കാരും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ കൈവീശിക്കാണിച്ച് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. മലേഷ്യയിലെ പ്രശസ്ത തീരദേശ ടൂറിസ്റ്റ് മേഖലയായ കോട്ടാ കിനബലുവില്‍ നിന്നാണ് മറ്റൊരു വിമാനം എത്തിച്ചേര്‍ന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് പൗരന്‍മാര്‍ വിദേശത്ത് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ചാണ് ഇവരെ തിരികെ എത്തിച്ചതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പകര്‍ച്ചവ്യാധി തടയാന്‍ ചൈന പെടാപ്പാട് പെടുന്ന കാഴ്ചയാണുള്ളത്. ഇതോടെ ലോകത്താകമാനമുള്ള 30 വിമാനകമ്പനികള്‍ ചൈനയിലേക്കുള്ള യാത്രകള്‍ നിര്‍ത്തലാക്കുകയോ, യാത്രകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ബാങ്കോക്കില്‍ തങ്ങുന്ന ഹുബെയി പ്രവിശ്യയില്‍ നിന്നുള്ള മറ്റൊരു 117 പൗരന്‍മാര്‍ കൂടി മടങ്ങാന്‍ തയ്യാറായി നില്‍പ്പുണ്ട്. കോട്ട കിനബലുവില്‍ 100 പേരും രാജ്യത്തേക്ക് മടങ്ങാന്‍ സന്നദ്ധരായി കാത്തിരിക്കുന്നതായി ചൈനയുടെ ഏവിയേഷന്‍ ഏജന്‍സി വ്യക്തമാക്കി.