ഇന്ത്യ സത്യം അംഗീകരിച്ചു , ചൈന പരിധി ലംഘിച്ചിട്ടില്ലന്ന് ; ചൈനീസ് വിദേശകാര്യമന്ത്രി

india-china

ബെയ്ജിങ്: ദോക് ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ കളിയാക്കി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി രംഗത്ത്.

‘ഇന്ത്യന്‍ പരിധിയില്‍ ചൈനീസ് സേന അതിക്രമിച്ചിട്ടില്ല എന്ന വസ്തുത ഇന്ത്യ തന്നെ അംഗീകരിച്ചു കഴിഞ്ഞു’… തായ്‌ലാന്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയ പ്രസ്താവന ഇത്തരത്തിലായിരുന്നു.

ചൈനയുടെ പ്രസ്താവനയുടെ മറുവശം മറ്റൊന്നുമല്ല, ചൈന അതിക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ പോലും സമ്മതിക്കുമ്പോള്‍ അതിനര്‍ത്ഥം ചൈനീസ് പരിധി ഇന്ത്യ അതിക്രമിച്ചു കടന്നു എന്നുതന്നെയാണ്. ഇത് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് എന്നതു മാത്രമല്ല, ദോക് ലാം അതിര്‍ത്തി അതിക്രമിച്ച് കടന്നത് ഇന്ത്യയാണെന്ന് ഉറപ്പിച്ചു കൊണ്ടുള്ളതുമായിരുന്നു.

പ്രശ്‌ന പരിഹാരത്തിനായുള്ള ചൈനയുടെ മറുപടി – ‘ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു മാര്‍ഗമേ അവശേഷിക്കുന്നുള്ളു.. ഇന്ത്യന്‍ സൈന്യം പിന്മാറുക എന്നത് മാത്രം’ എന്നുള്ളതായിരുന്നു.

ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് സംശയമൊന്നും വേണ്ടെന്ന മുന്നറിയിപ്പുമായി ചൈന പലതവണ രംഗത്തെത്തിയിരുന്നു. അതിര്‍ത്തി സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും ചൈനീസ് സൈന്യത്തിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണവേണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്.

സിക്കിം അതിര്‍ത്തിയിലെ ദോക് ലാം വിഷയത്തില്‍ ഇന്ത്യ- ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ വു ഖിയാന്റെ ഈ പ്രസ്താവന.

‘ഒരു പര്‍വതത്തെ വിറപ്പിക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിറപ്പിക്കുക ബുദ്ധിമുട്ടാണ്’. ചൈനയുടെ അതിര്‍ത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദോക് ലാം ചൈനയുടെ അതിര്‍ത്തിയാണ്, അവിടേക്കുള്ള ഇന്ത്യയുടെ കടന്നു കയറ്റം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും, ഇന്ത്യ തെറ്റ് തിരുത്താനുള്ള പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം പുന;സ്ഥാപിക്കാന്‍ പ്രകോപനപരമായ തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

സിക്കിമിലെ ദോക് ലാം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം നിര്‍ണായകമാകുമെന്ന വിലയിരുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് ഇന്ത്യയെ കളിയാക്കി ചൈനീസ് വിദേശകാര്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഈ മാസം 27, 28 തീയതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുക്കും.

ചൈനീസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരുക്കുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദോവല്‍ പങ്കെടുക്കുമ്പോള്‍ ദോക് ലാം പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ചയാവുമെന്നതും ഏറ്റവും കരുത്തുറ്റ, ശ്രദ്ധേയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് അത് കാരണമാകുമെന്നതും തീര്‍ച്ചയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Top