ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി; സന്ദർശനം ഔദ്യോഗിക പ്രഖ്യാപനമില്ലാതെ 

ഡൽഹി: ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ഡൽഹിയിൽ എത്തി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് സന്ദർശനം.

വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലിറങ്ങിയത്. അതേസമയം ഇതു സംബന്ധിച്ച യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ഡൽഹിയിൽ വിമാനമിറങ്ങിയെന്ന് ​ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ഇക്കാര്യം വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ഇന്ന് ചർച്ച നടത്തും. ചർച്ചയിൽ അതിർത്തിയിലെ സേനാ പിന്മാറ്റവും യുക്രൈൻ വിഷയവും ചർച്ചയാകുമെന്നാണ് സൂചന.

കാശ്മീർ വിഷയത്തിൽ കഴിഞ്ഞ ദിവസം വാങ് ചീ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചത്.പാകിസ്ഥാൻ കശ്മീർ വിഷയം യോഗത്തിൽ ഉന്നയിച്ചപ്പോൾ, ‘കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകൾ തങ്ങൾ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തിൽ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ’ന്നുമായിരുന്നു വാങ് ചീയുടെ പരാമർശം. ഈ പ്രസ്താവനയിൽ ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Top