സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ഭീകരജീവിയെപോലെയാണ് ചൈനീസ് സര്‍ക്കാറെന്ന് ഇന്റര്‍പോള്‍ മുന്‍ പ്രസിഡന്റിന്റെ ഭാര്യ

ബെയ്ജിങ്: സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ഭീകരജീവിയെപോലെയാണ് ചൈനീസ് സര്‍ക്കാറെന്ന് ഇന്റര്‍പോള്‍ മുന്‍ പ്രസിഡന്റ് മെങ് ഹോങ്‌വെയുടെ ഭാര്യ ഗ്രേസ് മെങ്. മെങ്ങിനെ അഴിമതിക്കേസില്‍ ചൈന തടവിലാക്കിയതോടെ രണ്ടു മക്കള്‍ക്കൊപ്പം ഫ്രാന്‍സില്‍ കഴിയുകയാണ് അവര്‍. ചൈനീസ് മുന്‍ വൈസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായിരുന്ന മെങ്ങിനെ 2018ലാണ് കാണാതാകുന്നത്. ചൈന തടവിലാക്കിയതായി പിന്നീട് വെളിപ്പെട്ടു. അതുകൊണ്ടാണ് സ്വന്തം കുട്ടികളെ ഭക്ഷിക്കുന്ന ഭീകരജീവിയെ പോലെയാണ് ചൈനയിലെ ഏകാധിപത്യ സര്‍ക്കാറെന്ന് ഗ്രേസ് കുറ്റപ്പെടുത്തിയത്.

അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്. കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് ലോകം പഠിച്ചു. മൂന്നുവര്‍ഷമായി ഒരു ഭീകരജീവിക്കൊപ്പം എങ്ങനെ ജീവിക്കാമെന്നു പഠിക്കുകയാണ് താനെന്നും അവര്‍ പറഞ്ഞു. മെങ്ങിനെ തടവിലാക്കിയ വിവരമറിഞ്ഞപ്പോള്‍തന്നെ താന്‍ പാതി മരിച്ചു. 2018 സെപ്റ്റംബര്‍ 25നാണ് അവര്‍ക്ക് ഏറ്റവുമൊടുവില്‍ ഭര്‍ത്താവിന്റെ സന്ദേശം ലഭിക്കുന്നത്. ഞാന്‍ വിളിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യ സന്ദേശം. പിന്നീട് ഒരു കത്തിയുടെ ചിഹ്നമാണ് അയക്കുന്നത്. മെങ്ങിന്റെ ജീവന്‍ അപകടത്തിലാണെന്നതിന്റെ സൂചനയായിരുന്നു അത്. അതിനുശേഷം ഒരു വിവരവുമില്ല.

ഭര്‍ത്താവിനെ കാണണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ചൈനീസ് അധികൃതര്‍ക്ക് നിരന്തരം കത്തയച്ചിട്ടും ഫലമുണ്ടായില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഉറപ്പില്ല. ഓരോ തവണയും കതകില്‍ മുട്ടുകേട്ടാല്‍ അവരുടെ അച്ഛനാണെന്നു കരുതി മക്കള്‍ പ്രതീക്ഷയോടെ നോക്കും. അല്ലെന്നു തിരിച്ചറിയുന്നതോടെ നിരാശയോടെ തലതാഴ്ത്തും. -ഗ്രേസ് തുടരുന്നു.

 

Top