കരസേനാ അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ച് ചൈന

ബെയ്ജിങ്: കരസേനാ അംഗങ്ങളുടെ എണ്ണം ചൈന പകുതിയായി കുറച്ചുവെന്ന് റിപ്പോര്‍ട്ട്. 20 ലക്ഷത്തോളം അംഗബലമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) നാവികവ്യോമസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകള്‍ രൂപവത്കരിക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. അതിനെ ആധുനികീകരിച്ച് നാവികവ്യോമസേനകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കരസേനയിലെ ഓഫീസര്‍മാരുടെ എണ്ണത്തിലും 30 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സൈനികപരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സൈന്യത്തിന്റെ അംഗബലത്തില്‍ മൂന്നുലക്ഷത്തിന്റെ കുറവ് വരുത്തിയിരുന്നു.

നേരത്തേ ചൈനയുടെ പി.എല്‍.എ.യുടെ ആകെ അംഗസംഖ്യയില്‍ പകുതിയിലേറെയും കരസേനാംഗങ്ങളായിരുന്നു. പുതിയ തീരുമാനത്തോടെ ചൈന സൈന്യത്തില്‍ കരസേനയ്ക്കുണ്ടായിരുന്ന ആധിപത്യം നഷ്ടമാകും. പി.എല്‍.എ. യുടെ മറ്റ് നാല് ശാഖകളായ നാവിക, വ്യോമ, റോക്കറ്റ്, സ്ട്രാറ്റജിക് സപ്പോര്‍ട്ട് സേന എന്നിവയാകും ഇനി സൈന്യത്തിന്റെ പകുതിയിലേറെയും കൈയാളുക. ചൈനീസ് സൈന്യത്തിന്റെ സൈബര്‍ മേഖലയിലെ പോരാളികളാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്.

നാവികസേനയില്‍ വന്‍മാറ്റങ്ങള്‍ വരുത്തുന്നതായി ചൈന ആലോചിക്കുന്നായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാമതൊരു വിമാനവാഹിനി പരീക്ഷണഘട്ടത്തിലാണ്. മറ്റൊന്നിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ആറ് വിമാനവാഹിനിക്കപ്പലുണ്ടാക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.

Top