ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ; ഇന്ത്യയുമായി സഹകരിക്കാൻ തയാറാണെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്ന് ചൈന.

ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈനീസ് നാവികസേന രംഗത്തെത്തിയത്.

ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി. ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈന അനുമതി നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രം രാജ്യാന്തര സമൂഹത്തിന്റെ പൊതുഇടമാണെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി അധികൃതര്‍ അവകാശപ്പെട്ടു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്ക് ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം– ക്യാപ്റ്റന്‍ ലിങ് തൈന്‍ജുന്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ ഓഫിസ് ഓഫ് ചൈന എസ്എസ്എഫ്) അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വ്യാപിപിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമായി മുന്നോട്ടു പോകുകയാണെന്ന് ജിബൂട്ടിയിലെ ചൈനീസ് നാവികസേന താവളത്തെ ഉദ്ദേശിച്ച് ലിങ് തൈന്‍ജുന്‍ പറഞ്ഞു.

ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയില്‍ ചൈന സൈനിക താവളം സ്ഥാപിച്ചതിനെയും ലിങ് ന്യായീകരിച്ചു. കടല്‍ക്കൊള്ളക്കാരെ തടയാനും യുഎന്നിന്റെ സമാധാന നടപടികളെ സാഹായിക്കാനുമാണ് ജിബൂട്ടിയില്‍ സൈനിക താവളം നിര്‍മിച്ചത്. ചൈനയുടെ നാവിക ഉദ്യോഗസ്ഥര്‍ക്ക് വിശ്രമത്തിനുള്ള സ്ഥലമായും സൈനിക താവളം ഉപയോഗിക്കുമെന്നും ലിങ് വ്യക്തമാക്കി.

രാജ്യത്തിനു പുറത്തുള്ള ചൈനയുടെ ആദ്യത്തെ സൈനിക താവളമാണ് ജിബൂട്ടിയിലേത്. ഇന്ത്യയ്ക്ക് ഏറെ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നതാണ് താവളമെന്നാണ് നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ചൈനയുടെ പുതിയ നീക്കങ്ങളെന്നും വിലയിരുത്തുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ചൈനയുടെ സൈന്യത്തിന്റെ രീതി പ്രതിരോധമാണെന്നും ആക്രമണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈന മറ്റൊരു രാജ്യത്തിലേക്കും ഇടപെടില്ല, മറ്റുരാജ്യങ്ങള്‍ ചൈനയുടെ കാര്യങ്ങളിലേക്കും ഇടപെടാന്‍ പാടില്ലെന്നും, തങ്ങളുടെ കൈവശമുള്ള പ്രധാനപ്പെട്ട ആയുധങ്ങള്‍ കളിക്കോപ്പുകള്‍ അല്ലെന്ന മുന്നറിയിപ്പും ലിങ് തൈന്‍ജുന്‍ നല്‍കി.

Top