ഇന്ത്യയുടെ ആശങ്ക ഉയർത്തി വീണ്ടും ചൈനീസ് നാവികസേന കപ്പൽ ശ്രീലങ്കൻ തുറമുഖത്ത്

ദില്ലി: ഇന്ത്യയുടെ ആശങ്ക ഉയർത്തി വീണ്ടും ചൈനീസ് നാവികസേന കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. ചൈനീസ് നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊളംബോയിൽ എത്തിയത്. ഇന്ത്യയുടെ എതിർപ്പ് തള്ളിയാണ് കപ്പലിന് അനുമതി നൽകിയതെന്ന് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. അതേസമയം ചൈനീസ് നിരീക്ഷണ കപ്പൽ നാളെ മടങ്ങുമെന്ന് ലങ്കൻ നാവികസേന അറിയിച്ചു.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള ചൈനീസ് ചാരകപ്പൽ കഴിഞ്ഞ ഓഗസ്റ്റിൽ തുറമുഖത്ത് നങ്കൂരമിട്ടത് വിവാദം ആയിരുന്നു. ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ആണ് അന്ന് ലങ്കൻ തീരത്തെത്തിയത്. ഹംമ്പൻതോട്ട തുറമുഖത്തിലാണ് കപ്പൽ നങ്കൂരമിട്ടത്.

ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് അന്ന് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതായിരുന്നു ഇന്ത്യയുടെ അന്നത്തെ ആശങ്കയ്ക്ക് കാരണം. അന്ന് ഇന്ധനം നിറയ്ക്കാനെന്ന കാരണം പറഞ്ഞാണ് കപ്പൽ ലങ്കൻ തീരത്ത് അടുപ്പിച്ചത്.

Top