പ്രസിഡന്റ് പദവി പരിഷ്കാരം ; ഷി ചിന്‍ പിങ്ങിന് നീണ്ടുനിൽക്കുന്ന സ്ഥാനമെന്ന അർത്ഥമില്ലെന്ന്

Xi Jinping

ബെയ്‌ജിംഗ് : ചൈനീസ് പ്രസിഡന്റ് പദവി പരിഷ്കരിക്കുന്നതിൽ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് നീണ്ടുനിൽക്കുന്ന അധികാരം ലഭിക്കുമെന്ന അർത്ഥമില്ലെന്ന് ഭരണ പക്ഷമായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയിലിയുടെ റിപ്പോർട്ട്.

പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് രണ്ടുവട്ടം മാത്രമേ ഇരിക്കാൻ കഴിയുള്ളുവെന്നുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥയിൽ പുതിയ ഭേദഗതി നടപ്പാക്കാൻ നിര്‍ദേശിച്ചതിനു പിന്നാലെ ഷി ചിന്‍ പിങ് അധികാരത്തിൽ തുടരുമെന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് ഇഷ്ടമുള്ള കാലമത്രയും അധികാരത്തില്‍ തുടരാന്‍ വഴിയൊരുക്കുന്നതായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിന് മാറ്റമുണ്ടാക്കുന്നതാണ് ഈ പുതിയ പ്രസ്താവന.

കമ്മ്യൂണിസ്റ് പാർട്ടിയുടെ പുതിയ നീക്കം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ചൈന മറ്റൊരു കൊറിയയായിത്തീരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിമര്‍ശനത്തെത്തുടർന്ന് ചില മാധ്യമങ്ങൾക്ക് ചൈനീസ് ഭരണകുടം വിലക്കേർപ്പെടുത്തിയിരുന്നു.

china

ചൈനീസ് പാർലമെന്റിന്റെ ഈ മാസത്തെ വാർഷിക യോഗത്തിൽ ഭേദഗതി അംഗീകരിക്കും. ഈ നിർദ്ദേശത്തെ വെല്ലുവിളിക്കാൻ പാർട്ടിക്ക് എതിരായി യോഗത്തിൽ ആരുമുണ്ടാവില്ല. അതിനാൽ വിശ്വസ്തരായ പ്രതിനിധികൾ ഈ ഭേദഗതിയെ പൂർണ്ണമായും അംഗീകരിക്കും.

എല്ലാ തലത്തിലും പാർട്ടി നേതൃത്വത്തിന്റെ ശക്തി ഉറപ്പിക്കുകയെന്നതാണ് ഈ സുപ്രധാനമായ നീക്കത്തിലൂടെ നടപ്പാക്കുന്നതെന്ന് പീപ്പിൾസ് ഡെയിലിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഈ ഭേദഗതി പാർട്ടി ദേശീയ നേതാക്കൾക്കുള്ള വിരമിക്കൽ സമ്പ്രദായത്തെ മാറ്റുന്നില്ലെന്നും , മുതിർന്ന നേതാക്കൾക്ക് ജീവിതകാലം മുഴുവനും അധികാരം എന്ന അർത്ഥവുമില്ലെന്നും മാധ്യമത്തിന്റെ ലേഖനത്തിൽ വിശദമാക്കുന്നു.

ദേശീയ ഭരണഘടനയിൽ നിന്ന് വ്യത്യസ്തമാണ് പാർട്ടി ഭരണഘടന , നേതാക്കൾക്ക് തങ്ങളുടെ ഓഫീസുകൾ ശാശ്വതമായി നിലനിർത്താൻ കഴിയില്ലെന്നും അവരുടെ ആരോഗ്യം ശരിയല്ലെങ്കിൽ വിരമിക്കണമെന്നും പീപ്പിൾസ് ഡെയിലി വ്യക്തമാക്കുന്നു.

Souvenir necklaces with a portrait of Chinese President Xi Jinping are displayed for sale at a stall in Tiananmen Square in Beijing, China, February 26, 2018.  REUTERS/Thomas Peter

ദേശീയ വ്യവസ്ഥയ്ക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് ഇതെന്നും പാർട്ടിക്കും രാജ്യത്തിനും ദീർഘകാല സമാധാനവും സുസ്ഥിരതയുമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് : രേഷ്മ പി.എം

Top