ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും ഇന്ത്യ നേട്ടം കൈവരിച്ചെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസ്. ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഷാങ് ജിയാഡോങ് എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.
നാലുവര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് ലേഖനത്തില്‍ എടുത്തുപറയുന്നത്. സാമ്പത്തിക-ഊര്‍ജ മേഖലകളിലെ വളര്‍ച്ച, നഗരഭരണത്തിലെ പുരോഗതി, ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റമടക്കം അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ജനുവരി 2-ന് പ്രസിദ്ധീകരിച്ച ചൈനീസ് പത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ ഒരു ‘ഭാരത് ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇന്ത്യ കൂടുതല്‍ തന്ത്രപരമായ ആത്മവിശ്വാസം നേടി. ചരിത്രപരമായ കോളനിവാഴ്ചയുടെ നിഴലില്‍നിന്ന് രക്ഷപ്പെടാനും രാഷ്ട്രീയമായും സാംസ്‌കാരികമായും ആഗോളസ്വാധീനം ചെലുത്താനുമുള്ള ഇന്ത്യയുടെ അഭിലാഷത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതെന്നാണ് ലേഖനം വിലയിരുത്തുന്നത്.