ഷാങ്ഹായ് സഹകരണ ഉച്ചകോടി: പാക് പ്രസിഡന്റിന് ഹസ്തദാനം നല്കി മോദി

ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടെ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിലെ ചിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് മോദി പാക്ക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന് ഹസ്തദാനം നല്‍കിയത്. ഇരുവരും കൈകൊടുത്ത് കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഷാങ്ഹായി കോ-ഓപ്പറേഷനില്‍ പൂര്‍ണാംഗമായി കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം ഹസ്തദാനം നടത്തിയത്.

ഭീകരവാദത്തിനെതിരായ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്ന്. സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് അഭയമൊരുക്കുന്നുവെന്ന് ഇന്ത്യ നിരന്തരം പാക്കിസ്ഥാനെതിരെ ആരോപണമുന്നയിക്കാറുണ്ട്. നിരവധി അന്താരാഷ്ട്ര വേദികളില്‍ ഭീകരവാദത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഇന്ത്യ പ്രതികൂട്ടില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിലാണ് ഊഷ്മളമായ പെരുമാറ്റം മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് എസ്‌സിഒയുടെ ലക്ഷ്യങ്ങള്‍. എട്ടുരാജ്യങ്ങള്‍ക്കു പങ്കാളിത്തമുള്ള സമിതിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങള്‍. താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണു മറ്റ് രാജ്യങ്ങള്‍.

Top