ചൈന -പാക്​ സാമ്പത്തിക ഇടനാഴി ; നിർമ്മാണ തൊഴിലാളികളായി എത്തുന്നത് ചൈനീസ് തടവുകാർ

ഇസ്ലാമാബാദ് : ചൈന- പാക് സാമ്പത്തിക ഇടനാഴിയ്കുള്ള നിർമ്മാണത്തിൽ പങ്കാളികളാകാനൊരുങ്ങി ചൈനീസ് തടവുകാർ. 60 ബില്യൺ ഡോളറിന്റെ ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയ്ക്കുള്ള പണികളിലാണ് ചൈനയിലെ തടവുകാർ ഭാഗമാകുന്നത്.

എന്നാൽ ഈ വിഷയത്തിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ദേശീയ അസംബ്ളിയിലെ അംഗം നവാബ് മുഹമ്മദ് യൂസഫ് താൽപുർ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനീസ് ജയിലുകളിൽ നിന്ന് തടവുകാരെ കൊണ്ടുവരികയും റോഡുകൾ നിർമ്മിക്കുകയും ചെയ്യുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അവർ ചിലപ്പോൾ ഇനിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്നും അതിനാൽ വ്യക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.

തന്റെ ആശങ്കകൾ പങ്കുവയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പ്രതികരണം തൃപ്തികരമല്ലെന്നും മന്ത്രാലയത്തിന് ഈ വിഷയത്തിൽ അറിവില്ലെന്നും പറഞ്ഞതായി മുഹമ്മദ് യൂസഫ് വ്യക്തമാക്കി.

എന്നിരുന്നാലും, നിർമ്മാണത്തിനായി എത്തുന്ന ചൈനീസ് തൊഴിലാളികൾക്ക് മൂന്നോ അതിലധികമോ സുരക്ഷ ക്രമീകരണങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി റിസ്വാൻ മാലിക് അറിയിച്ചു.

ലോകമെമ്പാടുമുള്ള തടവുകാർ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്‌ എന്നാൽ ചൈനയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് തടവുകാരെ കൊണ്ടുവരുന്നത് വിചിത്രമാണെന്ന് യൂസഫ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ കരാർ ഉണ്ടായിട്ടുണ്ടെന്നും അല്ലാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് തടവുകാരെ അയയ്ക്കാൻ കഴിയില്ലന്നും , ചൈനീസ് കൺസ്ട്രക്ഷൻ കമ്പനികൾ തടവുകാരെ തൊഴിലാളികളായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിൽ അടുത്തിടെ നിരവധി ചൈനീസ് പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. മോഷണം , അക്രമം ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് ഇവർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റയും , ജനങ്ങളുടെയും സുരക്ഷാ ഭരണകൂടം ഉറപ്പാക്കണമെന്നും യൂസഫ് അഭിപ്രായപ്പെടുന്നു.

Top