ചൈനീസ് ഗവേഷണ കപ്പല്‍ വീണ്ടും ശ്രീലങ്കന്‍ തീരത്തേക്ക്

ദില്ലി: ചൈനീസ് ഗവേഷണ കപ്പല്‍ വീണ്ടും ശ്രീലങ്കന്‍ തീരത്തേക്ക്.കപ്പലിന് അനുമതി നല്‍കിയിട്ടും വിവരം സ്ഥിരീകരിക്കാതെ ഒളിച്ചുകളി തുടരുകയാണ് ശ്രീലങ്ക. രാജ്‌നാഥ് സിംഗിന്റെ കൊളംബോ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീക്കങ്ങള്‍.

അത്യാധുനിക ഗവേഷണ കപ്പല്‍ ഷി യാന്‍ സിക്‌സിന്റെ കൊളംബോ സന്ദര്‍ശനത്തിനാണ് ചൈന അനുമതി തേടിയത്. ശ്രീലങ്കന്‍ സമുദ്ര ഗവേഷണ ഏജന്‍സിയുമായി ചേര്‍ന്നുള്ള പഠനങ്ങള്‍ക്ക് വേണ്ടി, ഒക്ടോബറില്‍ കൊളംബോ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 60 ജീവനക്കാരും കപ്പലിലുണ്ടാകും.

സന്ദര്‍ശനത്തിന് അനുമതി നല്‍കിയതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ നളിന്‍ ഹെരാത്ത് സ്ഥിരീകരിച്ചു. എന്നാല്‍ ചൈനീസ് എംബസിയുടെ ആവശ്യം പരിഗണിച്ചുവരുന്നതേ ഉള്ളൂവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള യുവാന്‍ വാങ് 5 ചാരക്കപ്പല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഹംബന്‍തോട്ട തുറമുഖത്ത് എത്തിയിരുന്നു. ചൈനീസ് നാവിക സേനയുടെ യുദ്ധക്കപ്പല്‍ രണ്ടാഴ്ച മുന്‍പ് കൊളംബോയില്‍ എത്തിയപ്പോഴും ഇന്ത്യ പ്രതിഷേധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം വാരാന്ത്യത്തില്‍ ലങ്ക സന്ദര്‍ശിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചൈനീസ് കപ്പലുകളുടെ കാര്യം ചര്‍ച്ചയില്‍ ഉന്നയിക്കുമോയെന്ന് വ്യക്തമല്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിംഗ് ശ്രീലങ്കയിലെത്തുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഉള്‍പ്പെടെയുള്ളവരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. സംയുക്തമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ഓയില്‍ ടാങ്ക് ഫാം സ്ഥാപിക്കുന്ന ട്രിങ്കോമലിയില്‍ പ്രതിരോധ മന്ത്രി സന്ദര്‍ശനം നടത്തും.

Top