ന്യൂഡൽഹി : ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ചൈനീസ് ഗവേഷണ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുകയാണെന്ന് റിപ്പോർട്ട്. സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലദ്വീപിലേക്കു പോകാനായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കു പ്രവേശിക്കുന്നത്. കപ്പൽ ജനുവരി 30ന് മാലദ്വീപിലെ മാലെയിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ആശങ്ക ഉന്നയിച്ചതിനു പിന്നാലെ ഒരു വർഷത്തിനു മുകളിലായി ഇത്തരം കപ്പലുകൾ സ്വന്തം തുറമുഖത്ത് പ്രവേശിക്കുന്നത് ശ്രീലങ്ക വിലക്കിയിരുന്നു.
ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘ഓഷ്യൻ സർവേ ഓപറേഷൻ’ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയേക്കുമെന്നും ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമണിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
XIANG YANG HONG 03 the Chinese ocean research vessel heading to Male, Maldives is no stranger to the region, having conducted ocean surveys in 2019 & 2020, the vessel has been observed in the IOR, Bay of Bengal & Arabian Sea raising fresh concerns in #India https://t.co/WsiMOzjYkZ pic.twitter.com/8iDzCSuVEg
— Damien Symon (@detresfa_) January 22, 2024
ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കപ്പലിന്റെ സഞ്ചാരപാത നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മാലദ്വീപ് പ്രസിഡന്റിന്റെ ഓഫിസോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ചൈനയുടെ പ്രതിരോധ മന്ത്രാലയമോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കപ്പൽ ശേഖരിക്കുന്ന വിവരങ്ങൾ, അന്തർവാഹിനികളുടെ വിന്യാസം ഉൾപ്പെടെയുള്ളവ സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ചൈനയ്ക്ക് ഉപയോഗിക്കാമെന്നും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്ന് 2022 മുതൽ ഇത്തരം കപ്പലുകൾക്ക് സ്വന്തം തുറമുഖങ്ങളിൽ പ്രവേശിക്കാൻ ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാതെ പ്രവേശിച്ചതിനെ തുടർന്ന് 2019ൽ ഒരു ചൈനീസ് ഗവേഷണ കപ്പലിനെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ(ഇഇസെഡ്)നിന്ന് ഇന്ത്യ പുറത്താക്കിയിരുന്നു.
‘ഇന്ത്യ ഔട്ട്’ ക്യംപെയ്‌നുമായി കഴിഞ്ഞ നവംബറിൽ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്. മാർച്ച് 15നകം മാലദീപിൽ നിലയുറപ്പിച്ചിരിക്കുന്ന 88 ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശവും വിവാദമായിരുന്നു. തുടർന്ന് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു.