ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്ന് മാലദ്വീപില്‍ എത്തും

മാലദ്വീപും ഇന്ത്യയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്ന് മാലദ്വീപില്‍ എത്തും. ഗ്ലോബല്‍ ഷിപ്പ് ട്രാക്കിങ് ഡാറ്റ പ്രകാരം തലസ്ഥാനമായ മാലെ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സമാനമായ സാഹചര്യത്തില്‍കണ്ട ഒരു കപ്പലിന്റെ സാന്നിധ്യം ഇന്ത്യയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി മൂന്ന് മാസത്തിന് ശേഷമാണ് അടുത്ത കപ്പല്‍ മാലദ്വീപിലെത്തുന്നത്. ചൈനയുടെ ചാരക്കപ്പലാണെന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്.

ജലാശയങ്ങളില്‍ കപ്പല്‍ ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങള്‍ക്കായാണ് ചൈന ക്ലിയറന്‍സ് ആവശ്യപ്പെട്ടതെന്നുമാണ് മാലദ്വീപ് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ മോശമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ചൈനീസ് കപ്പലിന്റെ ആഗമനം.എന്നാല്‍ ചൈന ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയുടെ ഭീഷണി എന്ന തരത്തില്‍ സൃഷ്ടിക്കുന്ന വ്യാജ കഥകളുടെ ഭാഗം മാത്രമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നാണ് ചൈനയുടെ വിശദീകരണം. കപ്പലിലെ ഗവേഷണ സംവിധാനങ്ങള്‍ ശാസ്ത്രീയമായ ധാരണകള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കപ്പല്‍ ട്രാക്കിങ് ഡാറ്റ പ്രകാരം, ഒരു മാസം മുമ്പാണ് കപ്പല്‍ അതിന്റെ തെക്കുകിഴക്കന്‍ തുറമുഖമായ സിയാമെനില്‍ നിന്ന് പുറപ്പെട്ടത്. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവയുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു പുറത്തുള്ള ജലം പരിശോധിക്കാന്‍ കപ്പല്‍ മൂന്നാഴ്ചയിലധികം ചെലവഴിച്ചതായാണ് ഡാറ്റകള്‍ കാണിക്കുന്നത്. ഇത്തരം ദൗത്യങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നിര്‍ണായക വിവരങ്ങള്‍ നാവിക സേന വിന്യാസത്തില്‍ ഉപയോഗപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് നേരത്തെ ചില യുഎസ് ഗവേഷക സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Top