അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം:ചൈനീസ് സംഘത്തെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മാണത്തിനെത്തിയ ചൈനീസ് സംഘത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചു. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ തുത്തിങ് മേഖലയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

ഇരുരാജ്യങ്ങളും തമ്മില്‍ ഏതാണ്ട് 78 ദിവസത്തോളം നീണ്ടുനിന്ന ഡോക്‌ലാം തര്‍ക്കത്തിന് ശേഷം നാല് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ചൈനീസ് സൈന്യം പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയത്.

ഡിസബംര്‍ 28ന് പെട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരാണ് ചൈനീസ് അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ ഇന്ത്യന്‍ അധീന പ്രദേശത്ത് റോഡ് നിര്‍മാണം നടത്തുന്നത് കണ്ടെത്തിയത്.

റോഡ് നിര്‍മാണത്തിനുള്ള സാമഗ്രികളുമായി അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സംഘത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെ എസ്‌കവേറ്ററുകള്‍ അടക്കമുള്ളവ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. സംഘത്തിനൊപ്പം ചൈനീസ് സൈന്യത്തിന്റെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top