ചൈന വിക്ഷേപിച്ച റോക്കറ്റ് ദിവങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്

ബെയ്ജിംഗ് : കഴിഞ്ഞ വ്യാഴാഴ്ച വിക്ഷേപിച്ച ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5 ബിയാണ് നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കാനൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പ്‌. വാനനിരീക്ഷകരായ ജൊനാഥൻ മക്‌ഡോവലാണ് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് നൽകിയത്. 21,000 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാകുക.

ലോകത്തെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും റോക്കറ്റ് പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുൻപ് തന്നെ റോക്കറ്റിന്റെ വലിയ ഭാഗം കത്തിത്തീരട്ടെയെന്നാണ് ഗവേഷകർ പ്രാർത്ഥിക്കുന്നത്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോംഗ് മാർച്ച് 5 ബിയുടെ വേഗത സെക്കന്റിൽ 6.40 കിലോമീറ്ററാണ്.

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23 ഓട് കൂടിയായിരുന്നു വിക്ഷേപണം. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

‘സ്വർഗത്തിലെ കൊട്ടാരം’ അഥവാ ‘ടിയാംഗോംഗ്’ എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്. 2022 ഓടെ ഇത് പൂർത്തിയാക്കാനായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ചൈന ഇനിയും സാങ്കേതികമായി പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്നാണ് റോക്കറ്റിന്റെ പതനം സൂചിപ്പിക്കുന്നത്.

Top