ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് !

ബെയ്ജിങ്: ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.

ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്തമാക്കി. ”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാര്‍ച്ച് 5 ബി യാവോ -2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്’, ചൈന അറിയിച്ചു.

എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നായിരുന്നു യു.എസ് പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാര്‍ഡ് നേരത്തെ പറഞ്ഞത്. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

Top