ബെയ്ജിംഗ്: ചൈന രണ്ടു ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു. ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്‌പെങ് (50), ചെന്‍ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെന്‍ഷൂ–11 പേടകമാണ് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 7.30ന് പുറപ്പെട്ടത്.
സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷുപതിനൊന്നിലെ യാത്രക്കാരായ ജിങ്ങും ചെന്നും ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായാണു പുറപ്പെട്ടത്. ഇരുവരും തിയാന്‍ഗോങ്‌രണ്ട് സ്‌പേസ് ലബോറട്ടറിയില്‍ മുപ്പതുദിവസം ഗവേഷണപരീക്ഷണങ്ങള്‍ നടത്തും.
2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നതെന്ന് ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരുമാസം മുന്‍പു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്‌പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക.