ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്‌ഡോയുടെ അകമ്പടിയോടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈന.
ഏദന്‍ കടലിടുക്കിലെ സമുദ്ര കൊള്ളക്കാരെ തുരത്തുക എന്ന പ്രഖ്യാപനത്തോടെയാണ് ചൈന രംഗത്ത് വന്നിരിക്കുന്നത് എങ്കിലും ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.
മുങ്ങിക്കപ്പലുകള്‍ക്കൊപ്പം ഹെയ്‌വിങ്‌സിങ് എന്ന ചൈനീസ് ചാരക്കപ്പലും ഇന്ത്യന്‍ സമുദ്രത്തിലെത്തിയെന്ന മുന്നറിയിപ്പുകളുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 ചൈനീസ് പടക്കപ്പലുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ നേരത്തെ തെളിഞ്ഞിരുന്നു. മൂന്ന് പോര്‍ക്കപ്പലുകളിലായിരുന്നു തുടക്കമെങ്കിലും പിന്നീട് എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുകയായിരുന്നു.
കരയില്‍ നിന്നും വായുവിലേക്കുള്ള മിസൈലുകളും ദീര്‍ഘ ദൂര മിസൈലുകളും തൊടുക്കാന്‍ ശേഷിയുള്ള കുമ്മിംങ്, ലുയാങ് 3 എന്നീ പടക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മുങ്ങിക്കപ്പലുകള്‍ക്കൊപ്പം ചൈനീസ് ചാര കപ്പലായ ഹെയ്‌വിങ്‌സിങ് ഇന്ത്യന്‍ സമുദ്രത്തിലെത്തിയെന്ന മുന്നറിയിപ്പുകളുമുണ്ട്.
അമേരിക്കന്‍ നിര്‍മിത പി81 പോര്‍ വിമാനങ്ങളുപയോഗിച്ച് ചൈനീസ് നാവിക സേനയുടെ നീക്കങ്ങളെ ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് വിവരശേഖരണം നടത്തുകയാണ് മുങ്ങിക്കപ്പലുകളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരം പഠനങ്ങള്‍ ഭാവിയില്‍ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായേക്കും എന്നത് പ്രധാനമാണ്.
2013-14 വര്‍ഷങ്ങളിലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നത്. 2013 ഡിസംബറില്‍ ആദ്യമായി അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ ചൈന വിന്യസിക്കുകയും 2014 ല്‍ സോങ് ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തുകയും ചെയ്തിരുന്നു.