ചൈനീസ് ടെന്നീസ് താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ ശേഷം അപ്രത്യക്ഷയായ പ്രശസ്​ത ടെന്നിസ്​ താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു.

ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്​ജിംഗിൽ തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന പുതിയ ചിത്രം ചൈനീസ്​ മാധ്യമങ്ങളാണ്​ പുറത്തുവിട്ടത്​. പെങ് ഷുവായുടെ തിരോധാനം വൻ മാധ്യമ ശ്രദ്ധയും അന്താരാഷ്​ട്ര ശ്രദ്ധയും നേടിയിരുന്നു. ആശങ്കകൾക്കിടെയാണ്​ ചിത്രം പുറത്തുവന്നത്​. ബെയ്​ജിങിൽ ഞായറാഴ്ച പുലർച്ചെ നടന്ന ടീനേജർ ടെന്നിസ്​ മാച്ച്​ ഫൈനലിന്‍റെ ഓപണിങ്​ സെറിമണിയിൽ അവർ പ​ങ്കെടുക്കുന്ന വീഡിയോയും ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്​.

ഈ മാസം ആദ്യമാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെങ് ഷുയിയെ പുറം ലോകം കണ്ടിട്ടില്ല. അവരുടെ സുരക്ഷയെ സംബന്ധിച്ചും എവിടെയാണെന്നതു സംബന്ധിച്ചും വലിയ ആശങ്കകളാണ് ടെന്നീസ് ലോകം പങ്കുവച്ചിരുന്നത്.

വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്റ്റീവ് സിമോണ്‍, പെങ്ങിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പെങ്ങിന്റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു. ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്.

Top