യുക്രെയിനിലെ റഷ്യൻ അധിനിവേശം മുതലെടുത്ത് ചൈനയുടെ തന്ത്രപരമായ നീക്കം. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 13 യുദ്ധവിമാനങ്ങളാണ് മാർച്ച് 13ന് തായ്‌വാൻ തീരത്ത് വട്ടമിട്ട് പറന്നിരിക്കുന്നത്. ഈ നടപടിയെ ശക്തമായാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അപലപിച്ചിരിക്കുന്നത്.
രണ്ടാഴ്ചത്തെ സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ചൈന പറയുന്നതെങ്കിലും.ഏതു നിമിഷവും ചൈന തായ് വാനെ ആക്രമിക്കുന്ന ആശങ്കയാണ് പരക്കെയുള്ളത്. ഇക്കാര്യത്തിൽ അമേരിക്കയും തായ്‌വാൻ ഭരണകൂടത്തിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് എയർക്രാഫ്റ്റ് ഗ്രൂപ്പിൽപ്പെട്ട ഏഴ് ചൈനീസ് ജെ-10, അഞ്ച് ജെ-16 യുദ്ധവിമാനങ്ങളും, ഒരു വൈ-8 ഇലക്ട്രോണിക് യുദ്ധ വിമാനവുമാണ് തായ് വാൻ അതിർത്തി ഭേദിച്ചിരിക്കുന്നത്. തായ്‌വാൻ അതിന്റെ പ്രദേശത്തിന്റെ ഭാഗമായി പറയുന്ന ദ്വീപുകളുടെ വടക്കുകിഴക്കൻ പ്രദേശത്തിന് മുകളിലൂടെയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നതെന്നാണ് റിപ്പോർട്ട്.
ചൈനീസ് വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ തായ്‌വാനീസ് ജെറ്റുകൾ ഉടൻ തയ്യാറാവുകയും, പ്രതിരോധ മിസൈലുകൾ സജ്ജമാക്കുകയും ചെയ്തിരുന്നതായി തായ് വാനും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ ചൈന എന്തായാലും തയ്യാറായിട്ടില്ല.
തായ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്നാണ് ചൈന നിരന്തരം അവകാശപ്പെടുന്നത്. ഉക്രെയ്‌നിൽ റഷ്യ കടന്നുകയറിയ സാഹചര്യം മുതലാക്കി സമാനമായ നീക്കത്തിന് ചൈന തയ്യാറാകുമെന്ന റിപ്പോർട്ടുകൾ പാശ്ചാത്യ മാധ്യമങ്ങളിലും വ്യാപകമായാണ് വരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്ത് തുടരുന്ന ‘പിരിമുറുക്കം’ ചൈനീസ് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യത്തോടെ ഇപ്പോൾ കൂടുതൽ വർധിച്ചിട്ടുണ്ട്, തായ്‌വാൻ കടലിടുക്കിൽ നിലവിൽ അമേരിക്കൻ യുദ്ധകപ്പലുകൾ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്.
തായ് വാൻ്റെ സ്വാതന്ത്ര്യം’ സംരക്ഷിക്കുവാൻ തങ്ങൾ ബാധ്യസ്ഥരാണെന്നാണ് അമേരിക്ക ആവർത്തിക്കുന്നത്. തായ് വാനിൽ അധിനിവേശത്തിന് ചൈന ശ്രമിച്ചാൽ, അത് അമേരിക്ക – ചൈന യുദ്ധമായി മാറാനാണ് സാധ്യത. യുക്രെയിനിൽ സൈനികമായ ഇടപെടൽ നടത്താതെ മാറി നിൽക്കുന്ന അമേരിക്ക, ചൈന തയ് വനെ ആക്രമിച്ചാൽ തിരിച്ചടിക്കാൻ നിർബന്ധിതമാകും.