ഇസ്ലാമാബാദ്: ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍ പാക്കിസ്ഥാന്‍ പൊലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്താണ് സംഘര്‍ഷം നടന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ചൈനക്കാരുടെ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തദ്ദേശവാസികളും പൊലീസും പരക്കം പാഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിനെത്തിയ ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും അവരുടെ ക്യാമ്പില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് അടിയില്‍ കലാശിച്ചതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പൊലീസും ചൈനക്കാരും തമ്മിലുണ്ടായ വാക്കു തര്‍ക്കം കൈയ്യാങ്കളിലെത്തുകയായിരുന്നു.
കൂടുതല്‍ പൊലീസെത്തി ചൈനക്കാരെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ് സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നും ചൈനക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരുന്നു. സമീപത്തെ പൊലീസ് ക്യാമ്പിലേക്കുള്ള വൈദ്യുത ബന്ധം ഇവര്‍ വിഛേദിച്ചാണ് പ്രകോപനത്തിന് കാരണമായത്.
സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ചൈനീസ് തൊഴിലാളികളാണെന്ന് പാക്കിസ്ഥാന്‍ പൊലീസ് പറയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുപേരെ നാടുകടത്താന്‍ പൊലീസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ സാമ്പത്തിക ഇടനാഴിയുടെ പ്രോജക്ട് മാനേജര്‍ കൂടിയാണെന്നാണ് വിവരം.