ന്യൂഡല്‍ഹി: ചിരാഗ് പാസ്വാനെ ലോക് ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എംപിമാര്‍ പറഞ്ഞു.
എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.
സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റായി വിമതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനായി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ അഞ്ച് എം.പി.മാര്‍ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്.