തെലങ്കാന: പത്മ വിഭൂഷണ്‍ പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കിട്ട് ചിരഞ്ജീവി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിരഞ്ജീവി വിഡിയോ സന്ദേശം പങ്കിട്ടത്. കേന്ദ്ര സര്‍ക്കാരിനും തന്റെ ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു. ‘വാര്‍ത്ത അറിഞ്ഞപ്പാള്‍ വാക്കുകളില്ലാതെയായിപ്പോയി, സന്തോഷംകൊണ്ട് ഉള്ളുനിറഞ്ഞു. ആ അംഗീകാരത്തില്‍ ഞാന്‍ വിനീതനും നന്ദിയുള്ളവനുമാണ്. ജനങ്ങളുടെയും പ്രേക്ഷകരുടെയും എന്റെ സഹോദരീ സഹോദരന്മാരുടെയും സ്നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. എന്റെ ജീവിതവും ഈ നിമിഷവും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി സ്‌ക്രീനിലൂടെ നിങ്ങളെ ഞാന്‍ രസിപ്പിക്കുന്നു. പുറത്ത് എന്നെക്കൊണ്ടാവുന്ന പോലെ സഹായിച്ചിട്ടുമുണ്ട്’. ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അഞ്ച് പേര്‍ക്കാണ് പത്മ വിഭൂഷണ്‍ ലഭിച്ചത്. വൈജയന്തിമാല, ചിരഞ്ജീവി, വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക്, പത്മ സുബ്രഹ്‌മണ്യം എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ ലഭിച്ചത്.
ജ.ഫാത്തിമ ബീവി, ഹോര്‍മുസ്ജി എന്‍ കാമ, മിഥുന്‍ ചക്രബര്‍ത്തി, സീതാറാം ജിന്ദാള്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത, സത്യഭ്രത മുഖര്‍ജി, രാം നായ്ക്, തേജസ് മധുസൂദന്‍ പട്ടേല്‍, ഒ രാജഗോപാല്‍, ദത്താത്രെ അംബദാസ് മയാലു, തോഗ്ദന്‍ റിംപോച്ചെ, പ്യാരേലാല്‍ ശര്‍മ, ചന്ദ്രശേഖര്‍ പ്രസാദ് താക്കൂര്‍, ഉഷ ഉതുപ്പ്, വിജയ്കാന്ത്, കുന്ദന്‍ വ്യാസ് എന്നിവര്‍ക്കാണ് പത്മ ഭൂഷണ്‍.