രാം ചരണിന്റെ മകളുടെ പേര് വെളിപ്പെടുത്തി ചിരഞ്ജീവി

തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജയുടെയും ഉപാസന കാമിനേനിയുടെയും മകളുടെ പേര് പുറംലോകത്തെ അറിയിച്ചത് മുത്തച്ഛന്‍ മെഗാസ്റ്റാര്‍ ചിരംജീവി. ക്ലിന്‍ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ലളിതാസഹസ്രനാമത്തില്‍ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിന് പേര് കണ്ടെത്തിയതെന്നും ചിരംജീവി ട്വീറ്റ് ചെയ്തു. ജൂണ്‍ 20 നു രാവിലെയായിരുന്നു രാം ചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞു പിറന്നത്.

‘ക്ലിന്‍ കാര എന്നാല്‍ പ്രകൃതിയുടെ മൂര്‍ത്തീഭാവമെന്ന് അര്‍ഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്. ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോള്‍ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.” ചിരംജീവി ട്വിറ്ററില്‍ കുറിച്ചു.

അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്സന്‍ കൂടിയാണ് ഉപാസന.

Top