കുഞ്ഞ് അതിഥിയെ കാണാതെ ചിരഞ്ജീവി വിടവാങ്ങി; വിങ്ങിപ്പൊട്ടി മേഘ്‌ന രാജ്

ടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബവും. ഭര്‍ത്താവിന്റെ മരണത്തില്‍ ആകെ തകര്‍ന്നുപോയത് ഭാര്യയും നടിയുമായ മേഘ്‌ന രാജ് ആണ്. നടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവിയുടെ ഈ വിടവാങ്ങല്‍.

ബസവന്‍ഗുഡിയിലെ വസതിയില്‍ മൃതദേഹം ഇപ്പോള്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. താരത്തെ അവസാനമായി ഒരുനോക്കുകാണാന്‍ വലിയ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. കന്നഡ സൂപ്പര്‍ താരം യഷ്, അര്‍ജുന്‍ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.

രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്‌നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിലേക്ക് അരേങ്ങറ്റം കുറിച്ചത്. സീബ്രാ വരകള്‍ ആണ് മേഘ്‌ന അവസാനം അഭിനയിച്ച മലയാളചിത്രം. ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളില്‍ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.

ശനിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.

കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. നടന്‍ അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മാവനും കന്നഡയിലെ സൂപ്പര്‍താരം ധ്രുവ സര്‍ജ നടന്റെ സഹോദരനുമാണ്. 2009 ല്‍ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു ഉള്‍പ്പെടെ 20 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

Top