Chitha Jerome-statement-fight-against-drug-mafia

തിരുവനന്തപുരം : മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നിരന്തരമായ പോരാട്ടത്തിന് മുന്‍കൈ എടുക്കുമെന്ന് നിയുക്ത സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കലാലയങ്ങളില്‍ നിന്ന് ഓടിക്കാന്‍ പ്രചരണം അഴിച്ചുവിട്ട മാധ്യമങ്ങള്‍ പോലും വിദ്യാര്‍ത്ഥി സംഘടനകളുടെ അസാന്നിധ്യം കലാലയങ്ങളില്‍ അരാജകത്വത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതായി ചിന്ത ജെറോം ചൂണ്ടിക്കാട്ടി.

ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജന കമ്മീഷന്‍ നേതൃത്വം കൊടുക്കും. യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീ വിഭാഗങ്ങള്‍ തൊഴിലിടങ്ങളിലടക്കം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമങ്ങള്‍ നടത്തും. സ്ത്രീ പീഡനത്തിനിരയായവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിലും ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

യുവജന സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ഉത്തരവാദിത്തങ്ങള്‍ ബോദ്ധ്യപ്പെടുത്തി ഇടപെടലുകള്‍ നടത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച യുവജന കമ്മീഷന്റെ അദ്ധ്യക്ഷന് മൂന്ന് വര്‍ഷമാണ് കാലാവധി. പിന്നീട് സര്‍ക്കാരിന് ഇത് നീട്ടി നല്‍കാവുന്നതുമാണ്.

28 വയസ്സുമാത്രമുള്ള ചിന്ത ജെറോമിനെ ഈ പദവിയിലേക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുമെല്ലാം താല്‍പ്പര്യമെടുത്താണ് നിയമിച്ചിരിക്കുന്നത്.

മുന്‍ കേരള സര്‍വ്വകലാശാല ചെയര്‍പേഴ്‌സണും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായിരുന്നു ചിന്ത. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന ചിന്ത ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. മികച്ച പ്രാസംഗിക കൂടിയായ ഈ മിടുക്കി നടന്‍ സുരേഷ് ഗോപിക്കെതിരെയും മോഹന്‍ലാലിനെതിരെയും നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് നിരവധി മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

Top