സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും; ചിത്രലേഖയുടെ വീടുപണി പുനരാരംഭിച്ചു

കണ്ണൂര്‍: സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരായ ഒറ്റയാള്‍പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റില്‍ വീടുപണി പുനരാരംഭിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ ചിത്രലേഖക്ക് ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമി തിരിച്ചെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വീടുനീര്‍മാണം നിര്‍ത്തിവെക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തുവന്നിരുന്നു. ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്താല്‍ രണ്ടാം ഭൂസമരം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എംഎം ഹസ്സന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്ലിം ലീഗ് അനുഭാവികളുള്‍പ്പെട്ട പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഗ്രീന്‍ വോയ്‌സിന്റെ സഹായത്തോടെയാണ് നിര്‍മാണം.

ഭൂമിദാനം റദ്ദാക്കിയതായി കഴിഞ്ഞയാഴ്ചയാണ് റവന്യു വകുപ്പിന്റെ ഉത്തരവ് തപാലില്‍ ലഭിച്ചത്. സര്‍ക്കാരില്‍ നിന്ന് പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

Top