ചിയാന്‍ വിക്രം നായകനാക്കുന്ന ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് വൈകും; പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ഗൗതം മേനോന്‍

ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് വൈകും. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ. സിനിമയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ റിലീസ് വൈകിയതില്‍ അദ്ദേഹം പ്രേക്ഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തു.എന്നാല്‍ തമിഴ്നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏറെ ശ്രമിച്ചുവെങ്കിലും ധ്രുവ നച്ചത്തിരം ഇന്ന് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗൗതം മേനോന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവ നച്ചത്തിരം ഇന്ന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.

ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.

 

Top