ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഉപദേശകനും ഗുരുവുമായ ചോ രാമസ്വാമി അന്തരിച്ചു. ജയലളിതയുടെ മരണത്തിന് തൊട്ട് പിന്നാലെയാണ് ചോ രാമസ്വാമിയുടെ അന്ത്യം. ജയലളിത മരിച്ച അതേ അപ്പോളോ ആശുപത്രിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും അന്ത്യം.
രാജ്യത്തെ തന്നെ പ്രമുഖ പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമിയെയായിരുന്നു നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഉപദേശത്തിനായി ജയലളിത സമീപിച്ചിരുന്നത്.
ജയക്ക് തൊട്ട് പിന്നാലെ തന്നെ ചോയും വിടവാങ്ങിയത് അവരുടെ മാനസികമായ അടുപ്പത്തിന്റെ തീവ്രത വെളിവാക്കുന്നതാണെന്നാണ് തമിഴ്ജനത കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മരണത്തിന്റെ വ്യാപാരി’യെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ചുട്ട മറുപടി കൊടുത്തുകൊണ്ട് ഇതേ പ്രയോഗം പ്രയോഗിച്ച് മോദിയെ പുകഴ്ത്തി രംഗത്ത് വന്ന ചോയുടെ നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു.
ചോ രാമസ്വാമിയുടെ മരണത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റില്‍ മോദി രാമസ്വാമിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു ചോ രാമസ്വാമിയെന്നും ഉന്നതനായ ബുദ്ധിജീവിയും ദേശീയവാദിയും നിര്‍ഭയനായ വിമര്‍ശകനുമായിരുന്നു അദ്ദേഹമെന്നും മോദി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
‘എന്നെ ഒരിക്കല്‍ ചോ രാമസ്വാമി വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരിയെന്നാണ്’ മൂന്നാം തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ചോ രാമസ്വാമി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മോദി കുറിച്ചു.
‘മരണത്തിന്റെ വ്യാപാരിയെ ഞാന്‍ ക്ഷണിക്കുകയാണ്. തീവ്രവാദത്തിന്റെ മരണം വില്‍ക്കുന്ന വ്യാപാരി, അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, കാര്യക്ഷമതയില്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ മരണം വില്‍ക്കുന്ന വ്യാപാരി..’ എന്നിങ്ങനെയാണ് മോദിയെ ചോ രാമസ്വാമി തന്റെ പ്രസംഗത്തില്‍ പുകഴ്ത്തുന്നത്. എല്ലാ തിന്‍മയുടെയും അന്തകനാണ് മോദി എന്ന അര്‍ത്ഥത്തിലായിരുന്നു ചോയുടെ ഈ പ്രസംഗം. ഇതിന് മോദി നടത്തിയ മറുപടി പ്രസംഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇതേ പ്രയോഗം ഉപയോഗിച്ച് ചോ രാമസ്വാമി മോദിയെ പുകഴ്ത്തുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.