കോഴിക്കോട്: കോഴിക്കോട് മാവൂരിലെ കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ ഉള്ളതായി സ്ഥിരീകരണം.
കുടിവെള്ളത്തിന്റെ സാംപിളിള്‍ പരിശോധനയില്‍ വിബ്രിയോ കോളറയുടെ സാന്നിദ്ധ്യം കണ്ടെത്തി. കോഴിക്കോട് CWRDM-ല്‍ ആണ് വെള്ളം പരിശോധിച്ചത്.
മാവൂരില്‍ കോളറ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. മാവൂര്‍ തെങ്ങിലക്കടവ് ഭാഗത്ത് അഞ്ചോളം പേര്‍ക്ക് കോളറ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചത്.
പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ സംഘം നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.