കൊവിഡും കോളറയും; ബെംഗളൂരു നഗരം ഭീതിയുടെ നഴലില്‍, ആശങ്ക !

ബെംഗളൂരു: ബെംഗളൂരു നഗരം ഭീതിയുടെ നഴലില്‍. കൊവിഡ് ഭീതിക്കിടയില്‍ ബെംഗളൂരു നഗരത്തെ കോറള കൂടി വിഴുങ്ങിയിരിക്കുകയാണ്. നഗരത്തില്‍ കോളറ ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ബിബിഎംപി.

വയറുവേദനയും വയറിളക്കവും പോലുള്ള രോഗ ലക്ഷണങ്ങളുമായി നൂറിലേറെ പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്. സര്‍ജാപുര, മഹാദേവപുര, ബൊമ്മനഹള്ളി, ബാഗലൂര്‍ ലേഔട്ട്, കോറമംഗല, എച്ച്എസ്ആര്‍ ലേഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും മറ്റു വഴിയോരക്കച്ചവടങ്ങളും ഒഴിപ്പിക്കുന്നതു തുടരുകയാണെന്ന് ബിബിഎംപി ചീഫ് ഹെല്‍ത്ത് ഓഫിസര്‍ വിജയേന്ദ്ര പറഞ്ഞു.

ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) നേതൃത്വത്തില്‍ രോഗ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നു ജല സാംപിളുകള്‍ ശേഖരിക്കുന്നത് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.

അതേസമയം വഴിയോര തട്ടുകടകള്‍ വ്യാപകമായി ഒഴിപ്പിക്കാനുള്ള ബിബിഎംപി കമ്മിഷണര്‍ ബി.എച്ച്.അനില്‍ കുമാറിന്റെ ഉത്തരവിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുന്നത്.കോളറ പടര്‍ന്നു പിടിക്കുന്നതിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താതെ, ചെറുകിട വ്യാപാരികളെ വെട്ടിലാക്കുന്ന നടപടിയാണിതെന്ന് അവര്‍ ആരോപണം.

ശുദ്ധമായ ജലം വീടുകളിലെത്തുന്നു എന്നുറപ്പാക്കാന്‍ ബിബിഎംപിക്കും ബിഡബ്ല്യുഎസ്എസ്ബിക്കും കഴിയുന്നില്ലെന്നും ഇത് അധാര്‍മികമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Top