കൊച്ചി: ചൂര്‍ണിക്കര ഭൂമിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ അബു അറസ്റ്റിലായതിന് പിന്നാലെ ഒരു റവന്യു ഉദ്യോഗസ്ഥന്‍ കൂടി കസ്റ്റഡിയില്‍. തിരുവനന്തപുരം ലാന്‍ഡ് റവന്യു ഓഫിസിലെ ക്ലാര്‍ക്ക് ആണ് പിടിയിലായത്. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ അബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കിയത്.
അതേസമയം, അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അബുവിനെ വിജിലന്‍സും ചോദ്യം ചെയ്യുന്നുണ്ട്.
വ്യാജരേഖയുണ്ടാക്കി ചൂര്‍ണിക്കരയില്‍ ഭൂമി തരം മാറ്റിയത് ഇടനിലക്കാരന്‍ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തേ തന്നെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബു ഒളിവില്‍ പോയത്. ആലുവ റൂറല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അബു പൊലീസ് പിടിയിലായത്.
വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് 7 ലക്ഷം രൂപ അബു നല്‍കിയെന്ന് ഭൂവുടമ ഹംസ പൊലീസിന് നേരത്തേ മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുണ്ടാക്കാന്‍ അബുവില്‍ നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റി, ഉദ്യോഗസ്ഥര്‍ എന്തൊക്കെ സഹായം അബുവിന് ചെയ്തുകൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചറിയുകയാണ്.
ഭൂമിക്കായി വില്ലേജ് ഓഫീസ് മുതല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസ് വരെയുള്ള തലങ്ങളില്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്.