കൊച്ചി: എറണാകുളം ചൂര്‍ണിക്കരയില്‍ നിലംനികത്താന്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വകുപ്പുതല അന്വേഷണവും നടത്തുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം പുരയിടമാക്കി മാറ്റാനാണു വ്യാജ ഉത്തരവുണ്ടാക്കിയത്. ഇതിന് പിന്നില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേര്‍ന്ന് നില്ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.
വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.