ടി-20 ലോകകപ്പ് നിരാശപ്പെടുത്തി; ക്രിസ് ഗെയിലിന്റെ വിടവാങ്ങല്‍ മത്സരം ജനുവരിയില്‍

തിഹാസ താരം ക്രിസ് ഗെയിലിനുള്ള വിടവാങ്ങല്‍ മത്സരം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തിയേക്കും. അയര്‍ലന്‍ഡിനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ വച്ച് ഗെയിലിന്റെ വിടവാങ്ങല്‍ മത്സരം നടത്താനാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിനു ശേഷമാണ് തനിക്ക് വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഗെയില്‍ അറിയിച്ചത്.

ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനു പിന്നാലെ, രാജ്യാന്തര മത്സരത്തില്‍ നിന്ന് വിരമിച്ച വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയ്‌ക്കൊപ്പം ക്രിസ് ഗെയിലും ഓസീസ് ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചിരുന്നു. ഇതോടെ ഗെയില്‍ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നാലെ താന്‍ താന്‍ ഇപ്പോള്‍ വിരമിക്കില്ലെന്നും വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഗെയില്‍ അറിയിക്കുകയായിരുന്നു.

‘അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനായിരുന്നു എന്റെ ശ്രമം. കാണികളുമായി സംവദിക്കാന്‍ ഞാന്‍ ശ്രമിച്ചു. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. എന്റെ ഏറ്റവും മോശം ലോകകപ്പ്. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാം. വിന്‍ഡീസ് ടീമിലേക്ക് കഴിവുള്ള നിരവധി താരങ്ങള്‍ എത്തുന്നുണ്ട്. ഞാന്‍ ഇതുവരെ വിരമിച്ചിട്ടില്ല. ഒരു ലോകകപ്പ് കൂടി കളിക്കണമെന്നുണ്ട്. പക്ഷേ, അവര്‍ അനുവദിക്കില്ല. ജമൈക്കയില്‍ വച്ച് അവര്‍ എനിക്ക് ഒരു വിടവാങ്ങല്‍ മത്സരം നല്‍കിയാല്‍ അതിനു ശേഷം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും.”- മത്സരത്തിനു ശേഷം ഗെയില്‍ പറഞ്ഞു.

Top