വാന്‍കൂവര്‍: ഗ്ലോബല്‍ ട്വന്റി 20 ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ നേടിയത് ഒരോവറില്‍ 32 റണ്‍സ്. പാക്കിസ്ഥാന്‍ ബൗളര്‍ ശതാബ് ഖാനെറിഞ്ഞ ഒറ്റ ഓവറില്‍ മാത്രം ഗെയിലിന്റെ ബാറ്റില്‍ നിന്നു പറന്നത് നാലു സിക്‌സറും രണ്ടു ഫോറുമാണ്.
13-ാം ഓവറിലെ ഈ ഗെയില്‍ മാജിക്കാണ് വാന്‍കൂവര്‍ നൈറ്റ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. എഡ്മണ്ടന്‍ റോയല്‍സിനെ ആറു വിക്കറ്റിനാണ് വാന്‍കൂവര്‍ നൈറ്റ്‌സ് പരാജയപ്പെടുത്തിയത്. 44 പന്തില്‍ നിന്ന് 94 റണ്‍സാണ് ഗെയില്‍ നേടിയത്. ഒന്‍പത് സിക്‌സും ആറു ഫോറും ഉള്‍പ്പെട്ടതായിരുന്നു വിന്‍ഡീസ് സൂപ്പര്‍ താരത്തിന്റെ ഇന്നിംഗ്‌സ്.
പക്ഷേ എഡ്മണ്ടനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും തുടര്‍ സെഞ്ചുറികള്‍ക്കുള്ള അവസരം ഗെയില്‍ നഷ്ടപ്പെടുത്തി. ശതാബ് ഖാനെതിരായ സൂപ്പര്‍ ഓവറിനു പിന്നാലെ മുഹമ്മദ് നവാസിന്റെ ഓവറിലാണു ഗെയില്‍ പുറത്തായത്. ഇതിനു മുന്‍പ് നടന്ന മത്സരത്തില്‍ ഗെയില്‍ 122 റണ്‍സ് നേടിയിരുന്നു.