ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ് ഗെയ്ല്‍

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്ല്‍. ഓസ്ട്രേലിയക്കെതിരെ 38 പന്തില്‍ നാലു ഫോറും ഏഴു സിക്സറും ഉള്‍പ്പടെ 67 റണ്‍സെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു നാല്‍പ്പത്തിയൊന്നുകാരനായ ഗെയ്ല്‍. ഗെയ്ലാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.

‘കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരും. ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. താന്‍ ക്രീസില്‍ തുടരുന്നത് ആരാധകര്‍ക്ക് സന്തോഷമാണെന്ന് അറിയാം’ എന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ട്വന്റി 20യില്‍ പതിനാലായിരം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ക്രിസ് ഗെയ്ല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

വിരമിക്കല്‍ ഉടനെയില്ലെന്നും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന തനിക്ക് ഇനിയുമേറെക്കാലം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നും യൂണിവേഴ്സ് ബോസ് എന്ന് വിശേഷിപ്പിക്കുന്ന ഗെയ്ല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു ക്രിസ് ഗെയ്ലിന്റെ കരിയര്‍. 1999ല്‍ അരങ്ങേറിയ ഗെയ്ല്‍ ഇതിനകം 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും 68 അന്താരാഷ്ട്ര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7215 റണ്‍സും 73 വിക്കറ്റും ഏകദിനത്തില്‍ 10480 റണ്‍സും 167 വിക്കറ്റും രാജ്യാന്തര ടി20യില്‍ 1796 റണ്‍സും 19 വിക്കറ്റും സ്വന്തം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 42 ശതകങ്ങള്‍ ഗെയ്ലിന്റെ പേരിലുണ്ട്. വിവിധ ടി20 ലീഗുകളില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം. ഐപിഎല്ലില്‍ 140 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആറ് സെഞ്ചുറികള്‍ ഉള്‍പ്പടെ 4950 റണ്‍സും 18 വിക്കറ്റും കൈക്കലാക്കി.

 

Top