ദുബായ്: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസീലന്‍ഡ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയത് വന്‍ വിവാദമായിരിക്കെ, താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന പ്രഖ്യാപനവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പിലാണ് താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന ഗെയ്‌ലിന്റെ പ്രഖ്യാപനം.
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണ്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്‌സ് താരമായ ഗെയ്‌ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാഴ്ത്തി. ഇന്നു പുലര്‍ച്ചെയാണ് പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന് ഗെയ്ല്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്.
‘ഞാന്‍ നാളെ പാക്കിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?’ – ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം. ഇതിനകം ഒരു ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. ഇരുപതിനായിരത്തിലേറെപ്പേര്‍ കമന്റും ചെയ്തു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കി മടങ്ങുകയും അടുത്തതായി പാക്കിസ്ഥാനില്‍ പര്യടനം നടത്തേണ്ട ഇംഗ്ലണ്ട് ടീം അതേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രിസ് ഗെയ്‌ലിന്റെ ട്വീറ്റെന്നത് ശ്രദ്ധേയം.
എല്ലാവരും പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ കയ്യൊഴിയുന്ന സാഹചര്യത്തില്‍ അടിയുറച്ച പിന്തുണ പ്രഖ്യാപിക്കുകയാണ് ഈ ട്വീറ്റിലൂടെ ഗെയ്ല്‍ ചെയ്തതെന്നാണ് പാക്കിസ്ഥാന്‍ ആരാധകരുടെ വികാരം. അതുകൊണ്ടുതന്നെ ഗെയ്‌ലിന്റെ പോസ്റ്റിന് വലിയ തോതിലാണ് പാക്ക് ആരാധകര്‍ക്കിടയില്‍ പ്രചാരം ലഭിച്ചത്.