ന്യൂഡല്‍ഹി: ക്രിസ്റ്റ്യന്‍ മിഷേലിന് ഫോണ്‍ വിളിക്കാനുള്ള അനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍. ആവശ്യം വ്യക്തമാക്കി അധികൃതര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) സിബിഐക്കും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്നും അന്വേഷണം വഴിമുട്ടിയെന്നുമുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് അധികൃതരുടെ ഈ നടപടി.
മിഷേലിന് ആഴ്ചയില്‍ 15 മിനിറ്റ് ഫോണ്‍ സംഭാഷണമാകാമെന്ന് കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അഭിഭാഷകര്‍ എന്നിവരുമായി രാജ്യാന്തര ഫോണ്‍ കോളിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മിഷേല്‍ അഭിഭാഷകനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഒരു കടലാസ് കൈമാറിയെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനെക്കുറിച്ചാണ് അതില്‍ പരാമര്‍ശിച്ചതെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, മിഷേലിന്റെ പിതാവിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയാമായിരുന്നു എന്ന് മിഷേല്‍ ഉത്തരം നല്‍കാന്‍ കാരണമായ ചോദ്യം പിന്നീട് അന്വേഷകര്‍ മാറ്റിയെന്ന ആരോപണമാണ് കുറിപ്പിലൂടെ മിഷേല്‍ ഉന്നയിച്ചതെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തരത്തില്‍ ‘മിസിസ് ഗാന്ധി’ എന്ന് എഴുതിയതിനെ, സോണിയ ഗാന്ധിയെ തനിക്ക് അറിയാമെന്നു മിഷേല്‍ പറയുന്ന രീതിയിലാക്കിയെന്നാണത്രെ അഭിഭാഷകനോടു പരാതിപ്പെട്ടത്. എന്നാല്‍ കുറിപ്പ് വിഷയം കോടതിയില്‍ ഉന്നയിച്ചതിനെക്കുറിച്ച് ഇഡിയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. അഭിഭാഷകരുമായി മിഷേലിനു കൂടിക്കാഴ്ച അനുവദിക്കുന്നതു നിയന്ത്രിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.