സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്ററിന് കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്കം ലംഘിച്ചാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പുതിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ നല്‍കിയ വിശദീകരണങ്ങളില്‍ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നല്‍കിയതെന്ന് ഇപ്പോള്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. രാത്രി വൈകി മുറിയിലെത്തുന്നത് ശീലമാക്കി. ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ വനിത ജേര്‍ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു.

എന്നാല്‍ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ കത്തിന് മറുപടിയായി പറഞ്ഞിരുന്നു. സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്ന മുന്‍വിമര്‍ശനങ്ങള്‍ക്ക്, ബ്രഹ്മചര്യവൃതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.

Top