ന്യൂഡല്‍ഹി: തന്നെ അറസ്റ്റു ചെയ്യുമോ എന്ന് ഭീതിയുണ്ടെന്ന് അഗസ്ത വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷക റോസ്‌മേരി പട്രിസി.
ക്രിസ്റ്റ്യന്‍ മിഷേലിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാം എന്നതു കൊണ്ടാണ് അറസ്റ്റിലാകുമോ എന്ന ഭയമുള്ളതെന്നും അഭിഭാഷക റോസ്‌മേരി വ്യക്തമാക്കി. മോശമായതൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായം അഭ്യര്‍ത്ഥിക്കാനാണ് കോടതിയില്‍ എത്തിയത്. ക്രിസ്മസിന് തന്റെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും റോസ്‌മേരി പറഞ്ഞു.
ഇതിനിടെ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി നല്‍കി. ഡല്‍ഹി പാട്യാല ഹൗസ് കോടതി നാല് ദിവസത്തേക്കു കൂടിയാണ് കസ്റ്റഡി നീട്ടി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സംബന്ധിച്ച് മിഷേലിനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നതാണ് ആരോപണം.