ക്രിസ്റ്റിന്‍ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റിന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് അലിജോ ജോസഫ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദമായതോടെയാണ് നടപടി.

അതേസമയം പാര്‍ട്ടിയോട് ആലോചിക്കാതെ, വ്യക്തിപരമായാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

ക്രിസ്ത്യന്‍ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്നലെ രാത്രിയാണ് ദുബായില്‍ നിന്ന് ക്രിസ്റ്റിന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചത്. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ഡല്‍ഹി സി.ബി.ഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

Top