ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു ; തുടര്‍ചികിത്സ വീട്ടില്‍

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഡാനിഷ് ഫുട്‌ബോള്‍ യൂണിയനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നടത്തിയത്.ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകർ എറിക്സണിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുക ആയിരുന്നു. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിയില്‍ കഴിയുന്ന എറിക്‌സണ്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡിസ്‌ചാര്‍ജായത്.

ആശുപത്രി വിടുന്ന എറിക്‌സണിന്‍റെ തുടര്‍ചികിത്സ വീട്ടിലാണ് നടക്കുക. ശസ്‌ത്രക്രിയക്ക് ശേഷമുള്ള വിശ്രമത്തിന് ശേഷം സഹതാരങ്ങളെ കാണുന്നതിനും അവസരം ഒരുക്കും. ഹെല്‍സിംഗറിലെ പരിശീലന കേന്ദ്രത്തില്‍ എത്തിയാകും എറിക്‌സണ്‍ സഹതാരങ്ങളെ കാണുക.”കൂടെ നിന്ന എല്ലാവരോടും എറിക്‌സണ്‍ നന്ദി പറഞ്ഞു. ഒരുപാട് പേര്‍ ആശംസയുമായി എത്തി. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. സുഖം പ്രാപിച്ചുവരുന്നു. എറിക്‌സണ്‍ പ്രതികരിച്ചു.”ഫിന്‍ലന്‍ഡിന് എതിരായ മത്സരത്തിലെ ആദ്യ പകുതിയില്‍ മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്.

തുടര്‍ന്ന് 15 മിനിട്ടോളം നീണ്ട ആശങ്കകള്‍ക്ക് ശേഷം ഒഫീഷ്യല്‍സ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.29 കാരനായ എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞ് വീണതെന്ന് വിദഗ്‌ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഡാനിഷ് മിഡ്‌ഫീല്‍ഡറുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനായി ‘ഹാര്‍ട്ട് ഡിഫിബ്രിലേറ്റര്‍’, ശസ്‌ത്രക്രിയയിലൂടെ ഇംപ്ലാന്‍റ് ചെയ്‌തതായി മെഡിക്കല്‍ സംഘം വ്യക്തമാക്കി.

Top