വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നവരെ സംരക്ഷിക്കാനൊരുങ്ങി ബ്രിട്ടണ്‍

ആഗോളതലത്തില്‍ വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ വര്‍ഷം തോറും ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിസ്തുമതം വംശനാശ ഭീഷണി നേരിടുകയാണെന്നും ഓരോ മാസവും വിശ്വാസത്തിന്റെ പേരില്‍ 250 ഓളം വിശ്വാസികളാണ് കൊല്ലപ്പെടുന്നതെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

ലോകത്തെ പല രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും വിശ്വാസികള്‍ വലിയ തോതില്‍ കുറയുന്നതായും വിലയിരുത്തി മത സംരക്ഷണത്തിനും വിശ്വാസികളുടെ സമാധാന പൂര്‍ണമായ ജീവിതത്തിനുമായി നിലകൊള്ളാനൊരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ആഗോളതലത്തില്‍ ക്രിസ്തുമതം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗണ്‍സ്റ്റീഫന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊള്ളുന്നത്.

സിറിയയില്‍ ഐസിസ് ഭീകരരില്‍നിന്ന് കൊടിയ പീഡനം നേരിടേണ്ടിവന്ന കുര്‍ദിഷ് യെസീദികള്‍ക്ക് നല്‍കിയതിന് സമാനമായ പിന്തുണ പല രാജ്യങ്ങളിലും ക്രൈസതവര്‍ക്കും ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മതസ്വാതന്ത്ര്യത്തിന് എക്കാലവും വില കല്‍പിക്കുന്ന രാജ്യമാണ് ബ്രിട്ടനെന്നും അത് നിലനിര്‍ത്താനായ് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ജറമി ഹണ്ട് പറഞ്ഞു.

എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുനേരെയും അതിക്രമങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ് ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍. ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ക്രൈസ്തവരെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താന്‍ ട്രൂറോ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു. അത് ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്. അതും അതിലപ്പുറവും ചെയ്യേണ്ടത് ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top