മൊഗദീഷു: ബ്രൂണയ്ക്കു പിന്നാലെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ സൊമാലിയായും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഇസ്ലാമിക സംസ്‌കാരികത്തിന് എതിരാണെന്നും മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തിന് ഇത് കോട്ടം വരുത്തുമെന്നും സൊമാലിയ മതകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ഖയ്‌റോ പറയുന്നു.
ഇസ്ലാം ഇതര ആഘോഷങ്ങള്‍ തീവ്രവാദികളെ പ്രകോപിപ്പിക്കുമെന്നും ഇത് ആക്രമണങ്ങള്‍ക്ക് ഇടയാക്കുമെന്നും പരമോന്നത മതകാര്യ സമിതി അംഗം ഷെയ്ഖ് നൂര്‍ ബറൂഡ് ഗുര്‍ഹന്‍ പറഞ്ഞു.
കിഴക്കന്‍ ആഫ്രിക്കയിലെ അല്‍ ക്വയ്ദ വിഭാഗമായ ഷെബാബിന്റെ ആസ്ഥാനമാണ് സൊമാലിയ. ഇവരുടെ ആക്രമണം ഭയന്ന് എല്ലാവിധ ആഘോഷങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മൊദഗീഷു വിമാനത്താളവത്തില്‍ ക്രിസ്മസ് നാളില്‍ ഷെബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ലും സൊമാലിയയില്‍ ക്രിസമ്‌സ് ആഘോഷത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.