ക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു.

‘എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍… സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം… എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരുന്നു. സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് ‘ഭൂമിയില്‍ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവര്‍ണറുടെ സന്ദേശത്തില്‍ പറയുന്നു.

സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

Top